ഭൂമിശാസ്ത്രം പൊതുവിവരം
ഒരു പഞ്ചായത്തിൽ ലഭ്യമായ എല്ലാ പ്രകൃതി വിഭവങ്ങളും എല്ലാ മാനുഷികവിഭവങ്ങളും ശാസ്ത്രീയമായി കൂട്ടിയിണക്കി ഉല്പാദനവും ഉൽപാദനക്ഷമതയും പരമാവധി വർദ്ധിപ്പിക്കുകയും ഉൽപന്നങ്ങൾ എല്ലാ ജനങ്ങൾക്കുമിടയിലും സമതുലിതമായി വിതരണം ചെയ്യുകയാണ് ആസൂത്രണത്തിന്റെ ലക്ഷ്യം. ഭൂപ്രകൃതി, മണ്ണ്, കാലാവസ്ഥ, ജലവിഭവങ്ങൾ, മാനുഷികവിഭവങ്ങൾ എന്നിവയെകുറിച്ചുള്ള സൂക്ഷമായ അടിസ്ഥാനവിവരങ്ങൾ ലഭ്യമായാൽ മാത്രമേ സമഗ്രവികസനം സാദ്ധ്യമാകൂ. വെട്ടിക്കവല ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വിഭിന്നമായ ഭൂരൂപങ്ങളുള്ളത് ഉമ്മന്നൂർ പഞ്ചായത്തിലാണ്. ഉമ്മന്നൂർ പഞ്ചായത്തതിർത്തിയിൽ നിന്നും രണ്ട് കിലോമീറ്റർ അടുത്താണ് ആയൂർ. കൊട്ടാരക്കരയിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഉമ്മന്നൂർ പഞ്ചായത്ത് നിമ്നോന്നത ഭൂവിഭാഗമാണ്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ ഇടനാട്ടിലാണ് ഉമ്മന്നൂർ സ്ഥിതി ചെയ്യുന്നതെങ്കിലും 28 ശതമാനം പ്രദേശങ്ങളും 80 മീറ്ററിന് മുകളിലാണ്. പഞ്ചായത്തിന്റെ പൊതുവായ ചെരിവ് തെക്കു നിന്നും വടക്ക് പടിഞ്ഞാറോട്ട് ആണ്. വടക്ക് വെട്ടിക്കവല പഞ്ചായത്ത് (8.88 കി.മീ.) വടക്ക് പടിഞ്ഞാറ് കൊട്ടാരക്കര പഞ്ചായത്ത് (4.0 കി.മീ) തെക്ക് പടിഞ്ഞാറ് വെളിയം പഞ്ചായത്ത് (8.52 കി.മീ), തെക്ക് ഇളമാട് പഞ്ചായത്ത് (7.52 കി.മീ), കിഴക്ക് ഇടമുളയ്ക്കൽ പഞ്ചായത്ത് (8.2. കി.മീ) എന്നിവയാണ് അതിരുകൾ ഭൂപ്രകൃതിയനുസരിച്ച് ഉമ്മന്നൂർ പഞ്ചായത്തിനെ നാലായി തരം തിരിക്കാം. ഉന്നതതടം, ചെരിവുകൂടിയ പ്രദേശങ്ങൾ, ചെരിവു പ്രദേശങ്ങൾ, താഴ്വരകൾ, പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും തന്നെ ഉയരം കൂടിയ പ്രദേശങ്ങൾ കാണാം. തേവന്നൂർ ആയൂർ തോടിനും കുളത്തിത്തോടിനും ഇടയിലായി ഏതാണ്ട് മധ്യഭാഗത്തുകൂടി ഉയർന്ന നിരകൾ കാണാം. ഉമ്മന്നൂർ, അമ്പലക്കര വാർഡുകളുടെ മധ്യഭാഗങ്ങൾ, നെല്ലിക്കുന്നത്തിന് കിഴക്കുവശം, വിലങ്ങറ വാർഡിന് തെക്ക്, നെല്ലിക്കുന്നത്തിന് വടക്കുകിഴക്ക്, കമ്പംകോട്, നീലമല, പേറയ്ക്കു വടക്കുഭാഗങ്ങൾ, തിരുവട്ടൂർ കോളനി തുടങ്ങിയവ ഇതിൽപ്പെടുന്നു. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗമായ നീലമല സ്ഥിതി ചെയ്യുന്നത് അമ്പലക്കര പന്ത്രണ്ടാം വാർഡിലാണ്. ഇതിന്റെ ഉയരം 163 മീറ്റർ ആണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 13.4 ശതമാനം ഈ മേഖലയിൽപ്പെടുന്നു. ചെരിവു കൂടിയ പ്രദേശങ്ങൾ പഞ്ചായത്തിന്റെ വിവിധ ഭാഗത്താണ് കാണുന്നതെങ്കിലും കൂടുതലായും പഞ്ചായത്തിന്റെ മധ്യഭാഗത്തു നിന്നും, പടിഞ്ഞാറോട്ടുള്ള ഭാഗങ്ങളാണ്. അമ്പലക്കര, കമ്പംകോട്, നീലമല ഭാഗങ്ങൾ, ചുങ്കത്തറയ്ക്ക് കിഴക്കുഭാഗം, നിരപ്പുവിളയ്ക്ക് വടക്ക്, വടകോടിന് വടക്ക് ഭാഗങ്ങൾ തുടങ്ങിയവയാണ്.ഉത്തരഅക്ഷാംശം 8 54 മുതൽ 8 58 30 വരെയും പൂർവ്വരേഖാംശം 76 46 മുതൽ 76 51 വരെയുള്ളതാണ് ഭൂമിശാസ്ത്രപരമായി പഞ്ചായത്തിന്റെ സ്ഥാനം.