ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പച്ച പിടിച്ച നെല്‍പ്പാടങ്ങളും, ഫലഭൂയിഷ്ഠമായ കുന്നിന്‍ പ്രദേശങ്ങളും, പാറക്കൂട്ടങ്ങളും  നിറഞ്ഞ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് ഉമ്മന്നൂര്‍. രാഷ്ട്ര പുരോഗതിയ്ക്കൊപ്പം കാലാനുസൃതമായ ആധുനിക സൌകര്യങ്ങളോടു കൂടി  ഇന്നത്തെ  മുഖഛായയിലെത്തിയ ഈ  പ്രദേശത്തിന് വിപുലമായ ഒരു ചരിത്രമുണ്ട്. പഴയ നാട്ടുരാജ്യങ്ങളില്‍പ്പെട്ട ഇളയിടത്തു സ്വരൂപത്തിന്റേതാണ് ഈ ഗ്രാമം. രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള വനപ്രദേശത്ത് കാലങ്ങളായി മൂന്നു മുനിമാര്‍ തപസ്സിരിക്കുന്നതായി അന്നത്തെ ഭരണാധികാരി ചാരന്മാര്‍ മുഖേനയറിഞ്ഞു. സാത്വികരായ  അവരുടെ ക്ഷേമകാര്യങ്ങള്‍ നോക്കി നടത്തുവാന്‍ തന്റെ ഏറ്റവും വിശ്വസ്തരായ അഞ്ച് ബ്രാഹ്മണ ശ്രേഷ്ഠന്മാരെ അദ്ദേഹം നിയോഗിച്ചു. ഈ ബ്രാഹ്മണ ശ്രേഷ്ഠന്‍മാര്‍ താപസന്മാരുടെ തപസ്ഥാനത്തിനു ചുറ്റിലും  അഞ്ച് മഠങ്ങള്‍ സ്ഥാപിച്ച് സമീപ പ്രദേശങ്ങള്‍ കൃഷിയോഗ്യമാക്കി ജന്മികളായി സ്ഥിരവാസമാക്കി. പില്‍ക്കാലത്ത് മൂന്നു മുനിമാരും  സമാധിസ്ഥരാകുകയും അവരുടെ തപസ്ഥലം കേന്ദ്രീകരിച്ച് ഒരു ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. രാജാവിന് സ്ഥലം തിരിച്ചറിയുന്നതിനായി മുമ്മുനിയൂര്‍ എന്നു വിളിക്കുകയുണ്ടായി. ഈ പേര്  കാലക്രമത്തില്‍ ഇന്നത്തെ ഉമ്മന്നൂരായിത്തീരുകയും ചെയ്തുവത്രേ. അന്നത്തെ ബ്രാഹ്മണ ജന്മിമാര്‍ സ്ഥാപിച്ചതും ഇന്ന് ഏറെ പഴക്കമുളളതുമായ ക്ഷേത്രങ്ങള്‍ ഉമ്മന്നൂര്‍ അഞ്ചുമൂര്‍ത്തി ക്ഷേത്രം, ഉമ്മന്നൂര്‍ ശാസ്താ ക്ഷേത്രം, അണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം, പൊലിക്കോട് മഹാദേവ ക്ഷേത്രം, വയയ്ക്കല്‍ ഭഗവതീ ക്ഷേത്രം, പുതിയിടത്ത് ശിവ ക്ഷേത്രം, വിലങ്ങറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വിലങ്ങറ ഇണ്ടയളപ്പസ്വാമി ക്ഷേത്രം, വെള്ളാവൂര്‍ കാവുംകളരി ക്ഷേത്രം, ആറായിക്കോണത്ത് മൂര്‍ത്തീക്കാവ്, വയണാംമൂല ശിവ ക്ഷേത്രം എന്നിവയാണ്. ഹൈന്ദവ ക്ഷേത്രങ്ങളോടൊപ്പം തന്നെ ക്രിസ്തുമത ആരാധനാലയങ്ങളും മുസ്ളീം പള്ളികളും പഴക്കം കൂടുതലായുള്ളത് ഉമ്മന്നൂര്‍ പഞ്ചായത്തിലുണ്ട്. മതമൈത്രിയുടെ  മകുടോദാഹരണമായി ഈ പള്ളികള്‍ ഇന്നും സംരക്ഷിച്ചു പോരുന്നു. കൊട്ടാരക്കര നിന്നും  എത്തിച്ചേര്‍ന്ന ഭക്തശിരോമണി യവനാന്‍  കത്തനാര്‍ സ്ഥാപിച്ച് വളര്‍ത്തിയ വാളകം പള്ളി, ഉമ്മന്നൂര്‍ പള്ളി (ഗുരുസികുന്ന്), അണ്ടൂര്‍, അമ്പലക്കര, നെല്ലിക്കുന്നം പള്ളികള്‍ ക്രിസ്തുമതാരാധനാലയങ്ങളില്‍ വളരെ പുരാതനവും  പ്രസിദ്ധങ്ങളുമാണ്. ആദ്യകാലങ്ങളില്‍  മുസ്ളീം  മതസ്ഥര്‍ ഇവിടെ വളരെ കുറവുണ്ടായിരുന്നതായാണ് അറിവ്. വിലയന്തൂര്‍ പള്ളിയാണ് പഴക്കം കൂടുതലുള്ളതായി  അറിയുന്ന മുസ്ളീം പള്ളി. ആദ്യകാലങ്ങളില്‍  പലയിടത്തും നടന്നിരുന്നതുപോലെ ഉമ്മന്നൂര്‍ പ്രദേശത്തും  കുടിപള്ളിക്കൂടങ്ങള്‍ ധാരാളമായി നടത്തിയിരുന്നു. വലിയവിളയില്‍ പപ്പു ആശാന്‍ ഉമ്മന്നൂരും, വിലങ്ങറ മാരിയവീട്ടില്‍ കേശവക്കുറുപ്പ് ആശാനും, കട്ടയില്‍ നീലാംബി ജ്യോത്സ്യരും, ഉമ്മന്നൂര്‍ ഗോവിന്ദന്‍ ജ്യോത്സ്യരും ഇക്കാര്യത്തില്‍ ആദ്യകാല മാര്‍ഗ്ഗ ദര്‍ശ്ശികളായിരുന്നു. സംസ്കൃത വിദ്യാഭ്യാസത്തിലും പാണ്ഡിത്യത്തിലും ഏറ്റവും പ്രസിദ്ധനായിരുന്നു കാവുങ്ങള്‍ ഗോവിന്ദപിള്ള ആശാന്‍. അദ്ദേഹം നാട്ടിലെ അറിയപ്പെടുന്ന കവിയും കലാകാരനും കൂടിയായിരുന്നുവത്രേ. മാര്‍ത്തോമ്മാ സഭയുടെ വകയായുള്ള വാളകം എം.റ്റി.എച്ച്.എസ് ആണ് പഞ്ചായത്തിലുണ്ടായ  ആദ്യ ഹൈസ്കൂള്‍. ആദ്യകാലങ്ങളില്‍ തന്നെ പഞ്ചായത്ത് പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്വം  ഉണ്ടായിരുന്ന ചാക്കോ കശ്ശീശ സ്ഥാപിച്ച വാളകം, അമ്പലക്കര സ്കൂളുകളും ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇംഗ്ളീഷ്  വിദ്യാഭ്യാസത്തില്‍ ആദ്യകാല നേതൃത്വം  നല്‍കിയത് വാളകം എം.റ്റി.എച്ച്. എസ്സ് മുന്‍ ഹെഡ്മാസ്റ്റര്‍  റവ. ഫാ.പി.വി. ഏബ്രഹാം (ആലാഅച്ചന്‍ ) ആണ്. അണ്ടൂര്‍  എല്‍ പി എസ് വയയ്ക്കല്‍ , സുകുമാരന്‍ പിള്ള സ്ഥാപിച്ച ഡി.വി.യു.പി.എസ്., വിലങ്ങറയും വയയ്ക്കലും സ്ഥാപിക്കപ്പെട്ട എല്‍ പി എസ്., സഭയുടെ സ്കൂളുകള്‍, വിലങ്ങറ പറമ്പമഠം യു.പി.എസ്., വടകോട്ട് ഡബ്ള്യു എല്‍ പി എസ്. തുടങ്ങിയവ തുടര്‍ വിദ്യാഭ്യാസത്തിന് ആക്കം കൂട്ടിയ പ്രധാന സ്ഥാപനങ്ങളാണ്. ഉമ്മന്നൂര്‍ പഞ്ചായത്തില്‍  വിദ്യാഭ്യാസ സൌകര്യം  കുറവായി അനുഭവപ്പെട്ട കമ്പംകോട് വാര്‍ഡില്‍ പഞ്ചായത്ത് സ്ഥാപിച്ചു നടത്തുന്ന എല്‍ പി എസ്. വിദ്യാഭ്യാസ രംഗത്തെ ഒരു പ്രധാന കണ്ണിയാണ്. കലാസാംസ്കാരിക രംഗത്ത് ഉമ്മന്നൂര്‍ പഞ്ചായത്ത്  ആദ്യകാലം മുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കഥകളി രംഗത്ത്  സംഗീത ശാഖയില്‍ നടക്കാവില്‍  രാഘവന്‍പിള്ള ആശാന്‍ പ്രസിദ്ധനായിരുന്നു. ഭരണ രംഗത്തും വികസന രംഗത്തും പല മാറ്റങ്ങളും  വളര്‍ച്ചയും ക്രമാനുഗതമായി വന്നിട്ടും കൊല്ലം ഡിവിഷന്‍ പേഷ്കാര്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍ സ്ഥാപിച്ച വാളകം കൊട്ടാരവും അതിനോടു ചേര്‍ന്നുള്ള പോലീസ് ചൌക്കയും ഈ നാടിന്റെ പഴയകാല പ്രതാപ സ്മരണകളാണ്.