ഉമ്മന്നൂർ ഒറ്റ നോട്ടത്തില്‍
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പച്ച പിടിച്ച നെല്‍പ്പാടങ്ങളും, ഫലഭൂയിഷ്ഠമായ കുന്നിന്‍ പ്രദേശങ്ങളും, പാറക്കൂട്ടങ്ങളും നിറഞ്ഞ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് ഉമ്മന്നൂര്‍ പഞ്ചായത്ത്. വെട്ടിക്കവല ബ്ളോക്കിലെ ആറ് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വിഭിന്നമായ ഭൂരൂപങ്ങളുള്ളത് ഉമ്മന്നൂര്‍ പഞ്ചായത്തിലാണ്. ഉമ്മന്നൂര്‍ പഞ്ചായത്തതിര്‍ത്തിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അടുത്താണ് ആയൂര്‍. പഴയ നാട്ടുരാജ്യങ്ങളില്‍പ്പെട്ട ഇളയിടത്തു സ്വരൂപത്തിന്റേതാണ് ഈ ഗ്രാമം. രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള വനപ്രദേശത്ത് കാലങ്ങളായി മൂന്നു മുനിമാര്‍ തപസ്സിരിക്കുന്നതായി അന്നത്തെ ഭരണാധികാരി ചാരന്മാര്‍ മുഖേനയറിഞ്ഞു. സാത്വികരായ അവരുടെ ക്ഷേമകാര്യങ്ങള്‍ നോക്കി നടത്തുവാന്‍ തന്റെ ഏറ്റവും വിശ്വസ്തരായ അഞ്ച് ബ്രാഹ്മണ ശ്രേഷ്ഠന്മാരെ അദ്ദേഹം നിയോഗിച്ചു. ഈ ബ്രാഹ്മണ ശ്രേഷ്ഠന്‍മാര്‍ താപസന്മാരുടെ തപസ്ഥാനത്തിനു ചുറ്റിലും അഞ്ച് മഠങ്ങള്‍ സ്ഥാപിച്ച് സമീപ പ്രദേശങ്ങള്‍ കൃഷിയോഗ്യമാക്കി ജന്മികളായി സ്ഥിരവാസമാക്കി. പില്‍ക്കാലത്ത് മൂന്നു മുനിമാരും സമാധിസ്ഥരാകുകയും അവരുടെ തപസ്ഥലം കേന്ദ്രീകരിച്ച് ഒരു ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. രാജാവിന് സ്ഥലം തിരിച്ചറിയുന്നതിനായി മുമ്മുനിയൂര്‍ എന്നു വിളിക്കുകയുണ്ടായി. ഈ പേര് കാലക്രമത്തില്‍ ഇന്നത്തെ ഉമ്മന്നൂരായിത്തീരുകയും ചെയ്തുവത്രേ. ഉമ്മന്നൂര്‍ പഞ്ചായത്തില്‍ പാറകള്‍ ഇല്ലാത്ത വാര്‍ഡുകള്‍ ഇല്ലെന്നു തന്നെ പറയാം. കൃഷ്ണശിലയും, വെള്ളപ്പാറ, മണ്ണക്കല്ല് എന്നു വിളിക്കപ്പെടുന്ന വിവിധതരം പാറകളുമാണ് കാണപ്പെടുന്നത്. തെക്കന്‍ ഇടനാടന്‍ കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഉമ്മന്നൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉമ്മന്നൂര്‍, വാളകം എന്നീ വില്ലേജുകളിലായി 3443 ഹെക്ടര്‍ ഭൂവിസ്തൃതി പഞ്ചായത്തിനുണ്ട്.