ഉമ്മന്നൂർ പഞ്ചായത്തിലൂടെ

വെട്ടിക്കവല ബ്ളോക്കിലെ ആറ്  പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍  വിഭിന്നമായ  ഭൂരൂപങ്ങളുള്ളത് ഉമ്മന്നൂര്‍ പഞ്ചായത്തിലാണ്. ഉമ്മന്നൂര്‍ പഞ്ചായത്തതിര്‍ത്തിയില്‍  നിന്നും രണ്ട് കിലോമീറ്റര്‍ അടുത്താണ് ആയൂര്‍.കൊട്ടാരക്കരയില്‍ നിന്ന് ഏകദേശം  12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന  ഉമ്മന്നൂര്‍ പഞ്ചായത്ത് നിമ്നോന്നത ഭൂവിഭാഗമാണ്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍  ഇടനാട്ടിലാണ് ഉമ്മന്നൂര്‍ സ്ഥിതി ചെയ്യുന്നതെങ്കിലും  28 ശതമാനം പ്രദേശങ്ങളും  80 മീറ്ററിന് മുകളിലാണ്.  പഞ്ചായത്തിന്റെ പൊതുവായ ചെരിവ്  തെക്കു നിന്നും വടക്ക് പടിഞ്ഞാറോട്ട് ആണ്. വടക്ക് വെട്ടിക്കവല പഞ്ചായത്ത് (8.88 കി.മീ), വടക്ക് പടിഞ്ഞാറ് കൊട്ടാരക്കര പഞ്ചായത്ത് (4.08 കി.മീ), തെക്ക് പടിഞ്ഞാറ് വെളിയം  പഞ്ചായത്ത് ( 8.52 കി.മീ), തെക്ക് ഇളമാട്  പഞ്ചായത്ത് ( 7.52 കി.മീ), കിഴക്ക് ഇടമുളയ്ക്കല്‍  പഞ്ചായത്ത് (8.2 കി.മീ).എന്നിവയാണ് അതിരുകള്‍.ഭൂപ്രകൃതിയനുസരിച്ച് ഉമ്മന്നൂര്‍ പഞ്ചായത്തിനെ നാലായി തരം തിരിക്കാം. ഉന്നതതടം, ചെരിവുകൂടിയ പ്രദേശങ്ങള്‍, ചെരിവു പ്രദേശങ്ങള്‍, താഴ്വരകള്‍. പഞ്ചായത്തിന്റെ എല്ലാഭാഗത്തും തന്നെ ഉയരം കൂടിയ പ്രദേശങ്ങള്‍ കാണാം. തേവന്നൂര്‍ ആയൂര്‍ തോടിനും കുളത്തിത്തോടിനും ഇടയിലായി ഏതാണ്ട് മധ്യഭാഗത്തുകൂടി  ഉയര്‍ന്ന നിരകള്‍ കാണാം. ഉമ്മന്നൂര്‍, അമ്പലക്കര വാര്‍ഡുകളുടെ മധ്യഭാഗങ്ങള്‍, നെല്ലിക്കുന്നത്തിന് കിഴക്കുവശം, വിലങ്ങറ വാര്‍ഡിന് തെക്ക്, നെല്ലിക്കുന്നത്തിന് വടക്കുകിഴക്ക്, കമ്പംകോട്, നീലമല, പേറയ്ക്കു വടക്കുഭാഗങ്ങള്‍, തിരവട്ടൂര്‍ കോളനി തുടങ്ങിയവ ഇതില്‍പ്പെടുന്നു. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ  ഭാഗമായ നീലമല സ്ഥിതി ചെയ്യുന്നത് അമ്പലക്കര പന്ത്രണ്ടാം വാര്‍ഡിലാണ്. ഇതിന്റെ ഉയരം  163 മീറ്റര്‍ ആണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 13.4 ശതമാനം ഈ മേഖലയില്‍പ്പെടുന്നു. ചെരിവു കൂടിയ പ്രദേശങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗത്താണ് കാണുന്നതെങ്കിലും  കൂടുതലായും പഞ്ചായത്തിന്റെ  മധ്യഭാഗത്തു നിന്നും, പടിഞ്ഞാറോട്ടുള്ള  ഭാഗങ്ങളാണ്. അമ്പലക്കര, കമ്പംകോട്, നീലമല ഭാഗങ്ങള്‍ , ചുങ്കത്തറയ്ക്ക് കിഴക്കുഭാഗം, നിരപ്പുവിളയ്ക്ക് വടക്ക്, വടകോടിന് വടക്ക് ഭാഗങ്ങള്‍ തുടങ്ങിയവയാണ്. ഡിലിമിറ്റേഷന് ശേഷം ആകെ 21 വാർഡുകളാണ് ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ ഉള്ളത്.